ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോത്തബയ രജപക്സെ

0
74

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജി വെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എം പി അടക്കം 8 പേർ കൊല്ലപ്പെട്ട കലാപത്തിൽ കോടികളുടെ  പൊതുമുതലാണ് ചാരമായത്.
പ്രക്ഷോഭകർ വളഞ്ഞ ഔദ്യോഗിക വസതിയിൽ നിന്ന് പുലർച്ചെ പട്ടാള കാവലിൽ രക്ഷപ്പെട്ട ഓടുകയായിരുന്നു മഹിന്ദ രാജ്പക്സെ. ഔദ്യോഗിക വസതിക്കു നേരെ സമരക്കാർ പെട്രോൾ ബോംബ് എറിഞ്ഞതോടെയാണ് മഹിന്ദ സൈന്യത്തിന്റെ സഹായം തേടിയത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുൻപേ കനത്ത കാവലിൽ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി.
ട്രിങ്കോമാലി നേവൽ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും ജനം തടിച്ചു കൂടി. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്കു പുറത്തു കാവൽ നിൽക്കുകയാണ് സമരക്കാർ. ക്രമസമാധാന തകർച്ചയുടെ പേരിൽ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. രജപക്സെ കുടുംബത്തിന്റെ തറവാട് വീട് ഇന്നലെ രാത്രി തന്നെ  സമരക്കാർ കത്തിച്ചിരുന്നു.
മുൻ മന്ത്രിമാരുടെയും എം പി മാരുടെയുമായി അൻപതോളം വീടുകൾക്ക് ജനം തീയിട്ടു.  അനുരാധ പുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രസിഡന്റ ഗോത്തബയ രജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. രജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയും വരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷവും ആവർത്തിക്കുന്നു.
ജനരോഷം കനത്തതോടെ പോലീസുകാർ ജോലിക്ക് ഇറങ്ങാൻ മടിക്കുകയാണ്. പ്രധാന പാതകളിൽ സൈന്യത്തെ വിന്യസിച്ചു. സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ വെക്കാനോ ഉള്ള അധികാരവും പ്രസിഡന്‍റ് സൈന്യത്തിന് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷകളാകുന്നതിന് മുൻപ് പാർലമെന്‍റ് വിളിച്ചു ചേർക്കണമെന്ന് പ്രസിഡന്‍റ്   ഗോതബായ രജപക്സെയോട് സ്പീക്കർ യാപ്പ അബെവർദ്ധന ആവശ്യപ്പെട്ടു.