സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
82

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

ഈ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുവാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളില്‍ എത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐ എം ഡി- ജി എഫ് എസ് മോഡല്‍ പ്രകാരം ഇന്ന് വയനാട്,പാലക്കാട്‌,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ എന്‍ സി എം ആര്‍ ഡബ്ല്യൂ എഫ് ( നാഷണല്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് ) ന്റെ എന്‍ സി യു എം കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യത.

നാഷണല്‍ സെന്‍റര്‍ ഫോര്‍ എന്‍വയര്‍മെന്‍റല്‍ പ്രഡിക്ഷന്‍ (എന്‍ സി ഇ പി ) ന്റെ ഗ്ലോബല്‍ ഫോര്‍കാസ്റ്റ് സിസ്റ്റം ( ജി എഫ് എസ് ) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത. തൃശൂര്‍, പാലക്കാട്‌, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത