സാനിറ്റൈസർ കുടിച്ച് കായികതാരങ്ങൾ; മത്സരത്തിന് തൊട്ടുമുമ്പ് ഛർദ്ദിയും തലക്കറക്കവും; സംഭവത്തിന് പിന്നിൽ

0
72

ടോക്കിയോ: നടത്തമത്സരത്തിന് മുമ്പ് വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ച കായികതാരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലാണ് സംഭവം. മത്സരാർത്ഥികൾക്കായി വെച്ച വെള്ളമാണെന്ന് കരുതിയായിരുന്നു താരങ്ങൾ സാനിറ്റൈസർ എടുത്ത് കുടിച്ചത്. ഇതിന് തൊട്ടുപിന്നാലെ കായികതാരങ്ങൾ ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തതോടെയാണ് കുടിച്ചത് സാനിറ്റൈസർ ആണെന്ന് കണ്ടെത്തിയത്.

പെൺകുട്ടികളുടെ 5,000 മീറ്റർ നടത്തം നടക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം. മദ്ധ്യജപ്പാനിലെ യമനാഷി പ്രവിശ്യയിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. കപ്പുകളിലാക്കിയ സാനിറ്റൈസർ അബദ്ധത്തിൽ കുടിവെള്ളത്തിന് സമീപം വെച്ചതാണെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

പ്രഥമദൃഷ്ട്യാ സംശയാസ്പദമായ ഒന്നും തന്നെയില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് യമനാഷി ഗവർണർ അറിയിച്ചു. വെള്ളമാണെന്ന് കരുതി മത്സരാർത്ഥികൾ സാനിറ്റൈസർ കുടിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. മറ്റാരുടെയെങ്കിലും മനഃപൂർവ്വമുള്ള ഇടപെടൽ സംഭവത്തിലുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.