യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ

0
69

മാനന്തവാടി: വാക്കുതര്‍ക്കത്തിനിടെയുണ്ടായ മർദ്ദനത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍, സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ. തിരുനെല്ലി കാളംകോട് കോളനിയിലെ പരേതനായ മണിയന്‍റെയും മാരയുടെയും മകന്‍ ബിനു (32) ആണ് മരിച്ചത്. തിരുനെല്ലി പോത്തുമൂല എമ്മടി കോളനിയിലെ വിപിനെ (32) ആണ് തിരുനെല്ലി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി കോളനിയില്‍ എത്തിയ ബിനു സമീപവാസികളുമായി വാക്കുതര്‍ക്കമുണ്ടാക്കി. തുടര്‍ന്ന്, തീക്കൊള്ളി കൊണ്ട് സഹോദരിയെയും നവജാത ശിശുവിനെയും ആക്രമിക്കാന്‍ ശ്രമിച്ചതോടെ, വിപിന്‍ വടികൊണ്ട് ബിനുവിന്‍റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

തിരുനെല്ലി ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവിനാണ് അന്വേഷണ ചുമതല. രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി കോളനിവാസികളുടെ മൊഴിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.