ബന്ധുവീട്ടിൽ വെച്ച് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു

0
99

വയനാട്: ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ മൊകേരി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അബൂബക്കർ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റിയിലെടുത്തു.

ഇന്നലെ, വൈകുന്നേരം നാല് മണിയേടെയാണ് അബൂബക്കർ സിദ്ദീഖും ഭാര്യ നിതയും രണ്ട് വയസുള്ള കുട്ടിയുമായി പനമരം കുണ്ടാലയിൽ ബന്ധുവിന്റെ വീട്ടിൽ എത്തിയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടയായിരുന്നു സന്ദർശനം. ബന്ധു തന്റെ വീടിന്റെ മുകളിലെ മുറിയിൽ അതിഥികൾക്ക് താമസമൊരുക്കി. പിന്നീട്, സംഭവിച്ചതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

രാത്രിയിൽ നിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരമറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെ പോലീസെത്തി വീട്ടുകാരെ വിളിച്ചുണർത്തിയപ്പോഴാണ് വീട്ടുടമയും കുടുംബവും സംഭവമറിഞ്ഞത്. പോലീസ് എത്തുമ്പോൾ കുഞ്ഞിനെ കയ്യിലെടുത്ത് നിർവികാരനായി ഇരിക്കുകയായിരുന്നു സിദ്ദീഖ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.