രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു

0
83

ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ അറിയിച്ചു. നിയമത്തിന്റെ വ്യവസ്ഥകൾ പുന:പരിശോധിക്കുന്നത് വരെ ഹർജി പരിഗണിക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെയാണ് ഹർജി വിശാല ബെഞ്ചിന് വിടുന്ന കാര്യത്തിൽ വാദം ആരംഭിക്കുക.  മുന്നേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ്  കേന്ദ്രം ഇപ്പോള്‍ കോടതിയില്‍  അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമത്തെ അനൂകൂലിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല. കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിന്‍റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയിൽ വാദം എഴുതി നൽകി.
രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം  നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ സ്വീകരിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞിരുന്നു.