വഴിയരികിൽ അവശനായി കിടന്ന തെരുവ് നായ്ക്കൊപ്പം ജീവിച്ച നാടോടി വൃദ്ധക്ക് സുരക്ഷിത ഇടമൊരുക്കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

0
117

ആലപ്പുഴ: വഴിയരികിൽ അവശനായി കിടന്ന തെരുവ് നായ്ക്കൊപ്പം ജീവിച്ച നാടോടി വൃദ്ധക്ക് സുരക്ഷിത ഇടമൊരുക്കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിതയാണ് ഈ സുമനസ് കാട്ടിയത്. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് താഴെ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വൃദ്ധ വിറകുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കുമിടയിലാണ് കഴിഞ്ഞിരുന്നത്. ഒപ്പം വാഹനാപകടത്തിൽ അരക്ക് താഴെ തളർന്ന ഒരു നായയുമുണ്ടായിരുന്നു.
വൃദ്ധയുടെ അരയിൽ കെട്ടിയ കയറിലാണ് നായയേയും കെട്ടിയിരുന്നത്. സമീപവാസികൾ നൽകിയ ഭക്ഷണമാണ് ഇവരുടെയും നായയുടെയും ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ കുറേ വർഷം മുൻപ് ചിലർ ഇടപെട്ട് വൃദ്ധയെ ഒരു അഗതി മന്ദിരത്തിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് ഇവർ ഇറങ്ങി നായക്കൊപ്പമാണ് വീണ്ടും കഴിഞ്ഞിരുന്നത്. പതിവായി ഇതിലേ പ്രഭാത സവാരി നടത്തുന്ന അമ്പലപ്പുഴയിലെ സ്റ്റുഡിയോ ഉടമ മനോയാണ് കഴിഞ്ഞ ദിവസം ഇവരുടെ ദൈന്യത നിറഞ്ഞ ജീവിതം വീഡിയോയിലൂടെ പുറം ലോകത്തെത്തിച്ചത്.
സമൂഹ മാധ്യമത്തിലൂടെ ഇത് കണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത ഉടൻ തന്നെ ഇതിന് പരിഹാരം കാണാൻ മുന്നിട്ടിറങ്ങുകയായിരുന്നു. പല അഗതി മന്ദിരങ്ങളിലും ബന്ധപ്പെട്ടപ്പോൾ വൃദ്ധയെ പാർപ്പിക്കാൻ പണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഒടുവിൽ പത്തനാപുരം ഗാന്ധി ഭവനുമായി ബന്ധപ്പെട്ടപ്പോൾ വൃദ്ധയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതിനായി ഗാന്ധിഭവന്റെ കരുവാറ്റയിലുള്ള സ്ഥാപനത്തിൽ നിന്ന് ഷമീറിന്റെ നേതൃത്വത്തിൽ ജീവനക്കാർ ആംബുലൻസുമായെത്തിയെങ്കിലും ഇവർക്കൊപ്പം പോകാൻ വൃദ്ധ തയ്യാറായില്ല.
കാലങ്ങളായി തനിക്കൊപ്പം കഴിയുന്ന നായയെ കെട്ടിപ്പിടിച്ച് പോകാൻ തയ്യാറല്ലെന്ന് ഇവർ പറഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റ് വിവരം അമ്പലപ്പുഴ പൊലീസിൽ അറിയിച്ചു. എസ് ഐ മാർട്ടിന്റെ നേതൃത്വത്തിൽ പൊലീസും ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്, ഗ്രാമ പഞ്ചായത്തംഗം യു എം കബീർ എന്നിവരടക്കം പലരും മാറി മാറി നിർബന്ധിച്ചിട്ടും വാഹനത്തിൽ കയറാൻ ഇവർ തയ്യാറായില്ല. ഒടുവിൽ വൃദ്ധയുടെ അരയിൽ നിന്ന് കെട്ടഴിച്ച് നായയെ സ്വതന്ത്രമാക്കിയ ശേഷമാണ് ഇവരെ മണിക്കൂറുകൾക്കു ശേഷം ആംബുലൻസിൽ കയറ്റിയത്. അപ്പോൾ ഇവർ നായയേയും ചേർത്തു പിടിച്ചിരുന്നു. പിന്നീട് നായയെ കെട്ടഴിച്ചു വിട്ടു. ഇവരുടെ ഭാണ്ഡത്തിൽ നിന്ന് പണവും ലഭിച്ചു. ഇങ്ങനെയൊരു അനുഭവം ഒരമ്മക്കും ഉണ്ടാകരുതെന്ന് പ്രസിഡന്റ് കവിത പറഞ്ഞു.