ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും : മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്

0
94

 

 

ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉണ്ടാകണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി വികസനപ്രവർത്തനങ്ങൾ മനസ്സിലാക്കുമെന്നും
മന്ത്രി പറഞ്ഞു. പാറശ്ശാലമണ്ഡലത്തിൽ
13 കോടി 70 ലക്ഷം രൂപ വിനിയോഗിച്ച്
നിർമ്മാണം പൂർത്തിയാക്കിയ നിലമാമൂട് – അഞ്ചുമരംകാല, പാലിയോട് – മണ്ണാംകോണം, കരിക്കറത്തല- മൈലച്ചൽ എന്നീ റോഡുകളുടെയും
മൂന്ന് കോടി രൂപ ചെലവിൽ
നവീകരിച്ച കണ്ടംതിട്ട – നിരപ്പിൽകാല ആടുവള്ളി- പന്ത റോഡുകളുടെയും
ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ വീതി കൂട്ടിയാണ് നവീകരിച്ചിരിക്കുന്നത്. എം.എൽ.എ മാർ മുന്നോട്ടുവെയ്ക്കുന്ന പദ്ധതികൾക്ക് പൂർണപിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

പാറശ്ശാല നിയോജകമണ്ഡലത്തിലെ ഉൾനാടൻ ഗ്രാമീണ മേഖലകളെ
പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, മലയോര ഹൈവേയെ മലയോര ഉൾനാടൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. ഈ റോഡുകളുടെ വികസനം ഒരു പ്രദേശത്തിന്റെ മുഴുവൻ സുസ്ഥിര വികസനത്തിന് വഴിവയ്ക്കുമെന്ന് അധ്യക്ഷത വഹിച്ച
സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.