രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

0
163

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. എന്‍. വിജയകുമാറിനെയാണ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് ഒന്നിലേക്കാണ് മാറ്റം.
കഴിഞ്ഞ ഡിസംബറിലെ കേരള സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ കാര്‍ ക്രമംതെറ്റിച്ച് കയറിയിരുന്നു. അനുമതിയില്ലാത്ത കടന്നുകയറ്റം ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. ഇതേത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജയകുമാറിനെ പോലീസ് ട്രെയിനിങ് കോളേജിലേക്ക് സ്ഥലംമാറ്റി. എന്നാല്‍, മേയറുടെ വാഹനം ക്രമംതെറ്റിച്ച് കയറിയതിന് പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായത് വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നില്ല.
സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന കേന്ദ്ര ആഭ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍. വിജയകുമാറിനെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.