ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക് വേണ്ടി കോഴിക്കോട് മാതൃശിശുകേന്ദ്രത്തിൽ അമ്മത്തൊട്ടിലൊരുങ്ങും

0
87

കോഴിക്കോട്: ‘രാമനാട്ടുകരയിൽ  ഒന്നരമാസം പ്രായമുളള കുഞ്ഞ്  റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ’- കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൊന്നാണിത്. ജനിച്ച് മണിക്കൂറുകൾക്കം തന്നെ റോഡരികിൽ  ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾ നൊമ്പരമായി മാറുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ തെരുവുനായ്ക്കളുടെതുൾപ്പെടെയുളള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. നോക്കാനാളില്ലാതെ, വളർത്താൻ താത്പര്യമില്ലാതെ ഇങ്ങിനെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്ക് താരാട്ടൊരുക്കാനുളള ശ്രമത്തിലാണ് കോഴിക്കോട്.
ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രിയെന്ന ഖ്യാദി കൂടിയുള്ള കോഴിക്കോട്ടെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് അമ്മത്തൊട്ടിൽ ഒരുക്കുന്നത്. നിലവിൽ ജില്ലയിലെവിടെയും അമ്മത്തൊട്ടിലുകളില്ലെന്നതും, നവജാത ശിശുക്കളുടെ ഉപേക്ഷിക്കുന്ന സംഭവം കോഴിക്കോട് കൂടുന്ന സാഹചര്യവും കണക്കിലെടുത്താണ് സിഡബ്ല്യുസിയുടെ ശുപാർശ. നേരത്തെ ബീച്ച് ആശുപത്രിയിലേക്ക് പ്രഖ്യാപിച്ച ഇലക്ട്രോണിക് അമ്മത്തൊട്ടിലിപ്പോഴും കടലാസിലാണ്. രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് സിഡബ്ല്യുസിയുടെ വിലയിരുത്തല്‍. ഭർത്താവ് ഉപേക്ഷിച്ച സ്തീയാണ് കുഞ്ഞിനെ നോക്കാനാവാത്തതിനാല്‍ ഈ കടുംകൈ കഴിഞ്ഞ ദിവസം ചെയ്തത്.
നേരത്തെയും സമാന സംഭവങ്ങൾ  കോഴിക്കോട് നടന്നിരുന്നു. പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതും കോഴിക്കോടായിരുന്നു. വഴിയരികിൽ കുഞ്ഞുങ്ങളുടെ ഉപേക്ഷിച്ച് പോകുമ്പോൾ തെരുവുനായക്കള്‍ ഉൾപ്പെടെ ആക്രമിക്കാനുള്ള സാധ്യതയേറെയാണ്. ഇതുവരെ എത്രകുഞ്ഞുങ്ങളെ ഉപേക്ഷിച്ചുവെന്നതിനെ കുറിച്ച് കൃത്യമായ കണക്ക് ബാലക്ഷേമ സമിതിക്ക് മുന്നിലില്ലെങ്കിലും കുഞ്ഞുങ്ങളെ ഉപേക്ഷിക്കലും അനധികൃത ദത്ത് നൽകലും കോഴിക്കോട് ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിഡബ്ല്യുസി കണ്ടെത്തിയിട്ടുണ്ട്.
മൂന്നുവർഷം മുമ്പ് വയനാട് സ്വദേശിയായ ഒരു യുവതിയുടെ കുഞ്ഞിനെ അനധകൃതമായി  ദത്ത് നൽകിയ സംഭവം  വിവാദമായിരുന്നു. കോഴിക്കോടെ ഒരാശുപത്രിയിൽ ജനിച്ച അന്നുതന്നെ കുഞ്ഞിനെ ഇവർ കോഴിക്കോട്ടെ ദമ്പതിമാർക്ക്  കൈമാറുകയായിരുന്നു. കുഞ്ഞിനെ വളർത്താൻ പറ്റില്ലെന്നു പറഞ്ഞാണ് ഇവർ  അനധികൃതമായി ദത്ത് നൽകിയത്.  മൂന്നുവർഷങ്ങൾക്കിപ്പുറം കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തി കുഞ്ഞിനെ കൈമാറിയതും അടുത്തിയിടെയാണ്.
ഇങ്ങനെ ദത്തു നൽകപ്പെടുന്ന കുഞ്ഞുങ്ങൾ വളർത്തു മാതാപിതാക്കളിൽ നിന്ന് പീഡനമേൽക്കുന്ന സംഭവങ്ങളുമുണ്ട്.  ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് കോഴിക്കോട്ടെ മാതൃശിശു സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് അമ്മത്തൊട്ടിലിൽ സ്ഥാപിക്കണമെന്ന്  ബാലക്ഷേമ സമിതി  നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.