തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ വി.ഡി സതാശനെതിരെ വിമര്‍ശനവുമായി മന്ത്രി പി. രാജീവ്

0
94

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതാശനെതിരെ വിമര്‍ശനവുമായി മന്ത്രി പി. രാജീവ്. താന്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവെന്ന് തെളിയിക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അശ്വമേധമാണ് തൃക്കാക്കര എന്ന് വരുത്താന്‍ ശ്രമിക്കുന്നു. മത പുരോഹിതന്‍മാര്‍ക്ക് എതിരായി കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. ഇടതുപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ സതീശന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസില്‍ താന്‍ പറയുന്നതാണ് അവസാന വാക്ക്, ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ബെന്നി ബെഹനാനോ ഡൊമനിക് പ്രസന്റേഷനോ പ്രസ്‌കതമല്ല എന്ന നിലപാടാണ് സതീശന്. പ്രതിപക്ഷ നേതാവും ഒപ്പമുള്ളവരും ചേര്‍ന്ന് സഭയെ അധിക്ഷേപിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ആശുപത്രിയുടെ ചിഹ്നം പോലും കുരിശ്ശാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന വാദം തെറ്റാണ്.

ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്നു. ഇതില്‍ കൂടുതല്‍ എന്ത് സ്വീകാര്യതയാണ് വേണ്ടത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണയും സ്വീകാര്യതയും ജോ ജോസഫിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ജോ ജോസഫ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയമായി നിലപാടുണ്ട്. ഏറ്റവും വലിയ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

നാല് വര്‍ഷം പാഴാക്കാതെ പിണറായി സര്‍ക്കാരിന് ഒപ്പം നിന്ന് തൃക്കാക്കരയുടെ വികസനത്തിന് സഹായകമാകുന്ന പ്രതിനിധിയുണ്ടാകുകയെന്നതാണ് പ്രധാനം. പൂര്‍ണമായും രാഷ്ട്രീയമായ ഒരു പോരാട്ടമാണ് നടക്കുക. മതനിരപേക്ഷ നിലപാടാണ് തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടിന്റെ ഒഴുക്ക് തൃക്കാക്കരയില്‍ സിപിഎമ്മിന് സഹായകമായ ഫലമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.