മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിൽ കവർച്ച

0
68

കൊല്ലം: മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച. അൻപത് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അർധരാത്രിയാണ് ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിൽ മോഷണം നടന്നത്.

ഷിബു ബേബിജോൺ നിലവിൽ താമസിക്കുന്ന വീടിനോട് ചേർന്ന് തന്നെയാണ് കുടുംബവീടുള്ളത്. രാത്രികാലങ്ങളിൽ ഇവിടെ ആരും ഉണ്ടാവാറില്ല. ഇത് മനസിലാക്കിയാവണം പ്രതികൾ മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്.

മുൻ വാതിൽ വഴി അകത്തു കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. അകത്തുള്ള ഗ്ലാസ് വാതിലുകൾ പൊട്ടിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.