ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ സ്‌ട്രെച്ചറില്‍ കിടത്തി ഡോക്ടറുടെ വീട്ടിലേക്ക് നടന്നെത്തി ബന്ധുക്കള്‍

0
108

കോരിയ (ചത്തീസ്ഗഡ്): ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ സ്‌ട്രെച്ചറില്‍ കിടത്തി ഡോക്ടറുടെ വീട്ടിലേക്ക് നടന്നെത്തി ബന്ധുക്കള്‍. ചത്തീസ്ഗഡിലെ കോരിയയിലാണ് സംഭവം. വിവാദമായതോടെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. മിടുക്കനായ ഒരു ഡോക്ടറെ കൊണ്ട് രോഗിയെ ചികിത്സിപ്പിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും ഒ.പി പ്രവര്‍ത്തനം അവസാനിച്ച് ഡോക്ടര്‍ വീട്ടിലേക്ക് പോയിരുന്നുവെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജനായ കെ.എല്‍ ധ്രുവ് പറയുന്നു.
ഒരു മണിക്ക് ഒ.പി പ്രവര്‍ത്തനം അവസാനിച്ചതാണ്. ഒന്നര മണിക്ക് ശേഷമാണ് രോഗിയുമായി ബന്ധുക്കള്‍ എത്തിയത്. ഒ.പി പൂട്ടിയെന്ന് അറിയിച്ചപ്പോള്‍ ആരോടും ഒന്നും പറയാതെ സ്‌ട്രെച്ചറില്‍ ഡോക്ടറുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ബന്ധുക്കള്‍ ചെയ്തത്. വിഷയത്തെ കുറിച്ച് താന്‍ അന്വേഷിച്ചുവെന്ന് ധ്രുവ് പറയുന്നു.
വീട്ടിലെത്തിയ രോഗിയെ പരിശോധിച്ച ശേഷം ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ നല്ല ചികിത്സ തന്നെ നല്‍കുന്നുണ്ടെന്നും ഡോ. ധ്രുവ് അറിയിച്ചു. ആശുപത്രി ഒ.പി പ്രവര്‍ത്തന സമയം കഴിഞ്ഞ ശേഷം നടന്ന ഒരു സംഭവത്തില്‍ വിവാദമുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. രോഗിയുമായി ബന്ധുക്കള്‍ പുറത്തേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.