ചെറിയ പെരുന്നാള്‍ അവധിക്കിടെ യുഎഇയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

0
85

ഷാര്‍ജ: ചെറിയ പെരുന്നാള്‍ അവധിക്കിടെ യുഎഇയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഷാര്‍ജയില്‍ 31കാരന്‍ മുങ്ങി മരിച്ചു. ഇന്ത്യക്കാരനാണ് മരിച്ചത്. അല്‍ ഹംരിയയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തെ കുറിച്ച് ബുധനാഴ്ച രാവിലെ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സും രക്ഷാപ്രവര്‍ത്തക, പട്രോള്‍ സംഘങ്ങളുമായി  സ്ഥലത്തെത്തുകയായിരുന്നു.

രാവിലെ ആറരയ്ക്ക് സ്ഥലത്തെത്തിയ ലൈഫ് ഗാര്‍ഡിനോട് അപകട വിവരം അറിയിച്ചു. യുവാവ് രാവിലെ അഞ്ച് മണിയോടെ കടലില്‍ ഇറങ്ങിയതാണെന്നും പിന്നീട് ഇയാളെ കാണാതാവുകയായിരുന്നെന്നും മരണപ്പെട്ട യുവാവിന്‍റെ സുഹൃത്ത് ലൈഫ് ഗാര്‍ഡിനോട് പറഞ്ഞു.

രാവിലെ 10 മണിയോടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉമ്മുല്‍ഖുവൈനില്‍ ഏഷ്യക്കാരന്‍ മുങ്ങി മരിച്ചു. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെയാള്‍ മുങ്ങി മരിക്കുകയായിരുന്നു. ഉമ്മുല്‍ഖുവൈന്‍ പൊലീസാണ് അന്വേഷണം നടത്തുക. അപകട സാധ്യത മുന്നറിയിപ്പ് കാണുന്ന സ്ഥലങ്ങളില്‍ നീന്താനിറങ്ങരുതെന്നും വലിയ തിരമാലകളുള്ളപ്പോഴും കടല്‍ പ്രക്ഷുഭ്തമായിരിക്കുമ്പോഴും നീന്തരുതെന്നും ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.