പ്രചരണത്തിന് തുടക്കം: മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്

0
52

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടി പ്രചരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാ‍ർത്ഥി ഉമ തോമസ്. ഇതിന്റെ ഭാഗമായി നടൻ മമ്മൂട്ടിയെ കണ്ട് ഉമ വോട്ട് തേടി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടക്കവേ ഉമയ്‌ക്കൊപ്പം ഹൈബി ഈഡനും ഉണ്ടായിരുന്നു. കോൺ​ഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന കെ.വി തോമസിനെ പാ‍ർട്ടി പറഞ്ഞാൽ മാത്രം പോയി കാണുമെന്ന് ഉമ പറഞ്ഞത് രാഷ്ട്രീയ കേരളം ചർച്ച ചെയ്തിരുന്നു. ഇതിനിടെയാണ്, ഉമ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡി.സി.സിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും ഉമ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാ‍ർത്ഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. ഡോ. ജോ ജോസഫിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ മണ്ഡലത്തിലെ സഭാ വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്ന ആശങ്കയില്ലെന്നും ഉമ തോമസ് പറഞ്ഞു.

തൃക്കാക്കര എം.എൽ.എയായിരുന്ന പി.ടി തോമസിന്റെ മരണത്തെ തുട‍ർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പി.ടിയുടെ ഭാര്യ ഉമ തോമസ് ആണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. ഉമയെ ഇറക്കി മണ്ഡലം നിലനി‍ർത്താനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. അതേസമയം ഹൃദ്രോ​ഗ വിദഗ്ധനായ ഡോ. ജോ ജോസഫാണ് സി.പി.എം സ്ഥാനാ‍ർത്ഥി.