അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ (cyber security) സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷ തുടങ്ങിയവയും അതീവ പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

0
89

തിരുവനന്തപുരം: അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ (cyber security) സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷ തുടങ്ങിയവയും അതീവ പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി (V sivankutty) പ്രസ്താവിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ വെച്ച് ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം 2 ലക്ഷം അമ്മാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദേശിച്ചിരുന്നത് എങ്കിലും പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നുവെന്നും ഇതിനോടുള്ള വമ്പിച്ച പ്രതികരണം കാരണം കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പത്തുലക്ഷം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മൂന്നു മണിക്കൂറിനുള്ളില്‍ അഞ്ചു സെഷനുകളായി 30 പേരുള്ള വിവിധ ബാച്ചുകളായി ഇന്നു മുതല്‍ മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴിയുള്ള പരിശീലനം നീണ്ടുനില്‍ക്കും. പുതിയ ലോകത്തെ അറിയല്‍, സൈബര്‍ ആക്രമണം പ്രതിരോധിക്കല്‍, സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്തകള്‍തിരിച്ചറിയലും വസ്തുതകള്‍ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകള്‍ പ്രധാനമായും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് കൈകാര്യം ചെയ്യുന്നത്. അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങളിലായി തത്സമയം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.