ദില്ലി: ബിജെപി നേതാവ് തജീന്ദർ ബഗ്ഗക്കെതിരെ (Tajinder Bagga) പഞ്ചാബില്‍ പുതിയ അറസ്റ്റ് വാറണ്ട്. വിദ്വേഷ ട്വീറ്റുകളില്‍ മൊഹാലി എസ്എഎസ് നഗര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ പഞ്ചാബ് എഎപി എംഎല്‍എ ജസ്വന്ത് സിങിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ സിബിഐ ഒപ്പിട്ട നിരവധി ബ്ലാങ്ക് ചെക്കുകളും ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്തു. അതേസമയം, ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ പറഞ്ഞു.
നാടകീയമായ അറസ്റ്റിനും മോചനത്തിനും ശേഷം തജീന്ദർ ബഗ്ഗക്ക് വീണ്ടും കുരുക്ക്. പഞ്ചാബിലെ എസ്എഎസ് കോടതിയാണ് വിദ്വേഷ ട്വീറ്റുകളിലും മതവൈര പ്രസ്താവനകളിലും ബിജെപി നേതാവിനെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സമാന കേസില്‍ ഇന്നലെ ദില്ലിയിലെത്തി ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹരിയാന പൊലീസിന്‍റെ സഹായത്തോടെ ദില്ലി പൊലീസ് ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. അർധരാത്രിയില്‍ തന്നെ മജിസ്ട്രേറ്റിന്‍റെ മുന്നില്‍ തജ്ജീന്ദർ ബഗ്ഗയെ പൊലീസ് ഹാജരാക്കി. കേസെടുത്ത് തന്നെ ഭയപ്പെടുത്താൻ കെജ്രിവാളിന് ആകില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെനും തജീന്ദർ ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ, ബഗ്ഗെയ കാണാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, തേജസ്വി സൂര്യ എംപി അടക്കമുള്ള ബിജെപി നേതാക്കളും ഇന്ന് വീട്ടില്‍ എത്തി. അറസ്റ്റിനെതിരെ കെജ്രിവാളിന്‍റെ വസതിക്ക് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാര്‍ട്ടി ഗുണ്ടക്ക് വേണ്ടി ബിജെപിയും സർക്കാരും രംഗത്തിറങ്ങിയെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിർശിച്ചു. ഇതിനിടെ ബാങ്ക് തട്ടിപ്പ് കേസില്‍ പഞ്ചാബ് എഎപി എംഎല്‍എ ജസ്വന്ത് സിങിന്‍റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകളും ആധാർ കാര്‍ഡുകളും കണ്ടെടുത്തു.
അതേസമയം, ബഗ്ഗെക്കെതിരെ ഇന്നും എഎപി നേതാക്കള്‍ രൂക്ഷമായി വിമർശനം ഉന്നയിച്ചു. പാര്‍ട്ടി ഗുണ്ടക്ക് വേണ്ടി ബിജെപി സർക്കാരും മുഴുവനും രംഗത്തിറങ്ങിയെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ബിജെപി ഗുണ്ടകളുടെ പാര്‍ട്ടിയാണെന്നും സിസോദിയ വിമർശിച്ചു. ഇതിനിടെ, ബഗ്ഗെയ കാണാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, തേജസ്വി സൂര്യ എംപി അടക്കമുള്ള ബിജെപി നേതാക്കളും എത്തി. കെജ്രിവാളിന്‍റെ വസതിക്ക് മുന്‍പില്‍ ഇന്നും ബിജെപി നേതാക്കള്‍ പ്രതിഷേധം പ്രകടനം നടത്തി. ഇതിനിടെ അറസ്റ്റ് സംബന്ധിച്ച് കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വാദം കേട്ട ശേഷം കേസ് മാറ്റി വെച്ചു. ഈ മാസം പത്തിലേക്കാണ് കേസ് മാറ്റിയത്.