എൽഡിഎഫ് പ്രകടനപത്രികയിൽ തദ്ദേശ, എക്‌സൈസ് വകുപ്പുകളിൽ അഞ്ചുവർഷംകൊണ്ട് നടപ്പാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തവയിൽ 31.64 ശതമാനം പദ്ധതികളും ആദ്യവർഷംതന്നെ യാഥാർഥ്യമാക്കിയതായി മന്ത്രി എം വി ഗോവിന്ദൻ ( M V Govindan Master ) വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരുവകുപ്പുകളിലുമായി 79 പദ്ധതിയാണ് പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇതിൽ 25 എണ്ണവും യാഥാർഥ്യമാക്കി. പഞ്ചായത്തുകളിൽ ഐഎൽജിഎം സോഫ്‌റ്റ്‌വെയർ സേവനം, ഏകീകൃത തദ്ദേശഭരണവകുപ്പ്, പ്രത്യേക നൈപുണ്യപോഷണപരിപാടി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ വികേന്ദ്രീകൃതമായി ഉൽപ്പാദിപ്പിച്ച് ബ്രാൻഡ് ചെയ്‌ത് വിപണിയിലെത്തിക്കൽ, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി, അതിദരിദ്രരെ കണ്ടെത്തൽ, വാർഡ് വികസന സമിതികൾ ശക്തിപ്പെടുത്തൽ, വാതിൽപ്പടി സേവനം, എക്‌സൈസ് വകുപ്പിൽ ഓൺലൈൻ സർവീസ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്.
സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള രണ്ടാം നൂറുദിന കർമപരിപാടിയിൽ തദ്ദേശ, എക്‌സൈസ് വകുപ്പുകൾ പൂർത്തീകരിക്കേണ്ടിയിരുന്ന 54 പദ്ധതിയിൽ 11 എണ്ണം ഉദ്‌ഘാടനം ചെയ്‌തു. രണ്ട് പദ്ധതി സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമാക്കാനായില്ല. ബാക്കി 41 പദ്ധതി 20നകം ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് : ചെലവിട്ടത് 9256 കോടി
ലൈഫ് പദ്ധതിയിൽ ഇതുവരെ 9256 കോടി രൂപ ചെലവിട്ടതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇതുവരെ 2,79,465 വീട് നിർമിച്ചു. പൊതുവിഭാഗത്തിൽ 1,81,118 ഉം പട്ടികജാതി വിഭാഗത്തിൽ 66,665 ഉം പട്ടികവർഗ വിഭാഗത്തിൽ 25,015ഉം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 6,667ഉം വീടുകൾ നിർമിച്ചുനൽകി.
ഭൂരഹിത ഭവനരഹിതരുടെ കിടപ്പാടമെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കലാണ് പദ്ധതിയുടെ മൂന്നാംഘട്ട ലക്ഷ്യം. ഇതിനായുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപയും 997 സെന്റ് സ്ഥലവും സംഭാവനയായി ലഭിച്ചതായും മന്ത്രി പറഞ്ഞു.