ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും

0
65

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയിലാണ് ന്യൂനമർദ്ദം സഞ്ചരിക്കുന്നത്.

ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായും, നാളെ വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചുഴിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ് 10ഓടെ വടക്കൻ ആന്ധ്രാപ്രദേശ് -ഒഡീഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത. സംസ്ഥാനത്ത് കാറ്റിന്റെ ഗതിമുറിവ് കാരണം അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.