സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ കെ ഫോൺ വീടുകളിലേക്ക്, ലക്ഷ്യം ഇൻ്റർനെറ്റ് വിപ്ലവം

0
84

തിരുവനന്തപുരം: നഗര ഗ്രാമീണ മേഖലകളിൽ ഒരുപോലെ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് കെ ഫോൺ വീടുകളിലേക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് അവസാനം  കണക്ഷൻ നൽകി തുടങ്ങാനാണ് തീരുമാനം. ഇതിനുള്ള ടെൻ്റർ നടപടികൾ പുരോഗമിക്കുകയാണ്. (K-Fon Service begins by this month end)
സംസ്ഥാനത്തെ 120 നിയോജക മണ്ഡലങ്ങളിൽ ഓരോന്നിനും പരമാവധി 500 വീടുകളിൽ വരെ സൗജന്യ ഇന്റര്‍നെറ്റ്.  ദിവസം ഒന്നര ജിബി ഡാറ്റ, സെക്കന്റിൽ 10 മുതൽ 15 എംബിപിഎസ് വേഗം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്  ബിപിഎൽ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷൻ നൽകുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ടെന്റര്‍ വിളിച്ചു. ഓരോ ജില്ലയിൽ ഓരോ സേവന ദാതാവിനെ കണ്ടെത്തും.
സംസ്ഥാനത്തൊട്ടാകെ വൈദ്യുതി തൂണുകളിലൂടെ വലിച്ച കേബിൾ ശൃംഖല വഴിയാണ്  ഇന്റര്‍നെറ്റ് വീടുകളിലെത്തുന്നത്. പദ്ധതി പ്രകാരമുള്ള 2600 കിലോമീറ്ററിൽ 2045 കിലോമീറ്ററിലും കേബിൾ വലിച്ചു.  സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും അക്ഷയ അടക്കം സേവന കേന്ദ്രങ്ങളിലും നിലവിൽ കെ ഫോൺ ഇന്റര്‍നെറ്റ് എത്തിക്കുന്നുണ്ട്. പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികൾ മറികടന്ന് കേബിളിംഗ് അടക്കം ഏഴുപത് ശതമാനം പണികളും പൂര്‍ത്തിയായി. വിപുലമായ ടെന്റര്‍ വിളിച്ച് ഈ വര്‍ഷം അവസാനത്തോടെ  എല്ലാവരിലേക്കും  ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള നടപടി ക്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.