ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും

0
141

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമർദ്ദം നാളെ വൈകീട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഒഡീഷയിൽ കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൻഡമാൻ കടലിൽ ഇന്ന് 65 കി. മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.