ഇസ്ലാം മതം ഉപേക്ഷിച്ചതിന് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ അസ്കര്‍ അലി മതപഠനത്തിന്റെ കൂടുതല്‍ ഭീകരതകള്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാകുന്നു

0
84

12 വര്‍ഷത്തോളം മതപഠനം നടത്തിയ അസ്കര്‍ അതിന് ശേഷമാണ് മതം വിട്ടത്. മതപഠനം നടത്തുന്ന സമയത്തുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച്‌ ഒരു യുക്തിവാദ സംഘടനയില്‍ സംസാരിക്കാന്‍ അസ്കര്‍ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനാണ് തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും ആക്രമിച്ചതെന്നുമാണ് അസ്കര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ സമുദായത്തില്‍ പെട്ട മലപ്പുറത്തുനിന്നുള്ള പത്തംഗ സംഘമാണ് ഇതിന് പിന്നിലെന്നും അസ്കര്‍ പറഞ്ഞിരുന്നു.

 

മറ്റ് സമുദായങ്ങളെ വെറുക്കാനും,​ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാതിരിക്കാനും അവര്‍ തങ്ങളെ പഠിപ്പിച്ചു. പട്ടാളത്തില്‍ ചേര്‍ന്നാല്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്ന ഭീകരരെ വധിക്കേണ്ടിവരും. അതായത് സ്വന്തം മതത്തില്‍പ്പെട്ടവരെ കൊല്ലാന്‍ നിര്‍ബന്ധിതരാകും. അത് ഇസ്ലാം മത തത്വങ്ങള്‍ക്ക് എതിരാണ്. മറ്റൊരു മുസ്ലീമിനെ കൊല്ലരുതെന്നാണ് നമ്മുടെ മതം പഠിപ്പിക്കുന്നത്. ഇത് ശരിക്കും അപകടകരമായ വിദ്യാഭ്യാസ രീതിയാണെന്ന് അസ്കര്‍ പറയുന്നു.

 

അത് മാത്രമല്ല. ഈ ആശയങ്ങള്‍ സമൂഹത്തിലെ മറ്റ് മുസ്ലീങ്ങളിലേക്ക് പ്രചരിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്നു. ഇത് തീര്‍ത്തും അപകടം തന്നെയാണ്. ഒരു സംഘടനയെ നിരോധിക്കുന്നത് ഈ വിപത്തിനെ തടയാന്‍ സഹായിക്കില്ല. ഇസ്ലാം തന്നെയാണ് ഫാസിസം എന്നും അസ്കര്‍ കൂട്ടിച്ചേര്‍ത്തു.

 

മലപ്പുറത്തെ ഒരു പ്രമുഖ മതപഠന സ്ഥാപനത്തില്‍ നിന്നാണ് അസ്കര്‍ മതപഠനം പൂര്‍ത്തിയാക്കിയത്. 12 വര്‍ഷത്തോളം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. ഇവിടെ പഠിപ്പിച്ച കാര്യത്തെപ്പറ്രിയും തന്റെ അനുഭവങ്ങളെപ്പറ്റിയുമാണ് അസ്കര്‍ സംസാരിച്ചത്.

 

അതേസമയം ഏപ്രില്‍ 30 ന് അസ്കറിനെ കാണ്മാനില്ല എന്ന് കാണിച്ച്‌ ഇദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാത്രിയോടെ മലപ്പുറം പൊലീസ് അസ്കറിനെ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി. മതം ഉപേക്ഷിച്ച്‌ ജീവിക്കുന്നതിന് കുടുംബം എതിരാണെന്നും തനിക്ക് കുടുംബത്തോടൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അസ്കര്‍ അലിയുടെ ആഗ്രഹപ്രകാരം ജീവിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.