ചലച്ചിത്രമേഖലയിലും രാഷ്ട്രീയ മേഖലയിലുമുള്ള ബന്ധം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കുമെന്ന് ഭീഷണി ഉയര്‍ത്തിയതായി ആസിഫ് അലി. ഇതിന്റെ ഭാഗമാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പരാതി സ്വീകരിക്കാതിരുന്നതെന്ന് ആസിഫ് പറയുന്നു. പിന്നീട് തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയതോടെയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രവാസിയായിരുന്ന ആസിഫ് അലി നടന്‍ ധര്‍മജന്റെ ധര്‍മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്തിരുന്നു. എന്നാല്‍ നടന്റെ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിഴവുമൂലം ഉണ്ടാകുന്ന സാമ്ബത്തിക നഷ്ടങ്ങളെ പറ്റി കരാറില്‍ പറഞ്ഞിരുന്നില്ല. ധര്‍മൂസ് ഫിഷ് ഹബ് എന്ന പേര് ഉപയോഗിക്കുന്നതിന് മാത്രമായി അഞ്ച് ലക്ഷം രൂപയോളമാണ് ധര്‍മജന്‍ ഫ്രാഞ്ചൈസി എടുക്കുന്നവരില്‍ നിന്നും വാങ്ങിയിട്ടുള്ളത്. സ്ഥാപനം തുടങ്ങി ആദ്യ കുറച്ച് മാസങ്ങള്‍ മീന്‍ നല്‍കുകയും പിന്നീട് മീനിന്റെ വിതരണത്തില്‍ മുടക്കം വരികയുമാണ് ഉണ്ടായത്. മാര്‍ക്കറ്റില്‍ മൊത്ത കച്ചവടക്കാര്‍ക്ക് കിട്ടുന്നതിലും അധികം വിലയ്ക്കാണ് ആസിഫ് ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസി എടുത്തിരിക്കുന്നവര്‍ക്ക് ധര്‍മജന്‍ മീന്‍ നല്‍കിയിരുന്നത്.
ഇതു കൂടാതെ ഫ്രാഞ്ചൈസിയിലെ ടൈല്‍സ് മുതല്‍ ബള്‍ബ് വരെയുള്ള സാധങ്ങള്‍ ധര്‍മജന്റെ കമ്ബനി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും മാത്രമേ ഫ്രാഞ്ചൈസി എടുക്കുന്നവര്‍ വാങ്ങാവൂ. ഈ ഇനത്തിലും നല്ലൊരു തുക ധര്‍മജന്‍ കമ്മീഷന്‍ ഇനത്തില്‍ പറ്റുന്നുണ്ട് എന്ന് ആസിഫ് പറയുന്നു. ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന ധര്‍മജന്‍ ബൊള്‍ഗാട്ടിയുടെ മത്സ്യ വില്പന ശാലയുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പാണ് നടനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്നത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. നിയമപരമായി മുന്നോട്ട് പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും സ്ഥാപനം തന്റെ അല്ല എന്നുമാണ് നടന്റെ ഇപ്പോഴത്തെ വാദം.
സ്വന്തം പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ തനിക്കൊരു ബന്ധവുമില്ല എന്ന നടന്റെ വാദത്തിനുള്ള കാരണം ചലച്ചിത്ര മേഖലയിലേയും രാഷ്ട്രീയ പ്രവര്‍ത്തകരിലുമുള്ള സ്വാധീനമാണ്. ആസിഫ് അലിയെ കൂടാതെ ഫ്രാഞ്ചൈസി എടുത്തവര്‍ നിലവില്‍ അതെ സ്ഥാപനം തന്നെ മറ്റ് പല പേരുകളിലും നടത്തികൊണ്ട് പോവുകയാണ്. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും നടന്‍ തന്റെ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസികള്‍ മറ്റ് പല സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അവിടെയും മലയാളികള്‍ തന്നെയാണ് നടന്റെ ലക്ഷ്യമെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
പരാതിക്കാരനായ ആസിഫ് അലിക്ക് നിലവില്‍ 43 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. കോഷന്‍ ഡെപ്പോസിറ്റായി നല്‍കിയിട്ടുള്ള തുക പോലും തിരികെ നല്‍കാന്‍ നടനും സ്ഥാപനവും ഇത് വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ആസിഫ് അലി. എറണാകുളം സിജെഎം കോടതി മുഖേന എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.
വരാപ്പുഴ വലിയപറമ്ബില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്ബില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്ബില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
15 വര്‍ഷമായി അമേരിക്കന്‍ കമ്ബനിയില്‍ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ല്‍ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കുയും 10,000 രൂപ കൈപ്പറ്റുകയും ചെയതു. തുടര്‍ന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരന്‍ പറയുന്നു. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.