വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു

0
87

ഇടുക്കി: വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി ചെയ്തിരുന്ന തോട്ടത്തിലെ കുളത്തിൽ കുട്ടി കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച, മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന രണ്ടുകുട്ടികളും പീഡനത്തിനിരയായി എന്നായിരുന്നു പരാതി. തുടർന്ന് ഇരുവരേയും മാതാപിതാക്കൾ ജോലി സ്ഥലത്തേക്ക് കൂടെക്കൊണ്ടു പോവുകയായിരുന്നു പതിവ്.
മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥലത്ത് സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമികമായ വിലയിരുത്തൽ. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ 28-ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട പരാതി കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമളി സ്വദേശി വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.