ഹോസ്റ്റല്‍ മെസ്സില്‍ 25 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ ഒരുമാസം വരെ പഴക്കമുള്ള ഭക്ഷണം; പരിശോധന

0
72

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും ശനിയാഴ്ചയും ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും പരിശോധന. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച പരിശോധന നടന്നത്. നിരവധി ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും അധികൃതര്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം നെടുമങ്ങാട്ട് സ്വകാര്യ ആശുപത്രി കാന്റീനില്‍നിന്നും ആശുപത്രിയിലെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും 25 കിലോ പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് ടൗണിലെ ബാര്‍ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് ഹോട്ടല്‍ പൂട്ടിച്ചത്.

കൊച്ചി മരടില്‍ ദേശീയപാതയോരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചിലയിടത്തുനിന്ന് ഒരുമാസത്തോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ചില ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.

ഇടുക്കി തൊടുപുഴയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നാല് ഹോട്ടലുകള്‍ പൂട്ടിച്ചു. ചെറുതോണിയില്‍നിന്ന് പത്തുകിലോ പഴകിയ മത്സ്യം പിടികൂടി.

പാലക്കാട് കൊപ്പത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടിച്ചു. കാസര്‍കോട്ട് 200 കിലോ പഴകിയ മത്സ്യവും പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് വില്പനയ്ക്ക് എത്തിച്ച മത്സ്യമാണ് അധികൃതര്‍ പിടികൂടി നശിപ്പിച്ചത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാംദിവസമാണ് ഹോട്ടലുകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.