തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആറുനാള്‍; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു!

0
117

തകര്‍ന്നടിഞ്ഞ ആറു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറു ദിവസങ്ങള്‍ കുടുങ്ങിക്കിടന്ന യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്, ആറുനില കെട്ടിടം തകര്‍ന്നു വീണത്. 53 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്. 10 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ആറാമത്തെ ദിവസം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പായാണ്, ഈ യുവതിയെ അത്ഭുതകരമായ വിധത്തില്‍ ജീവനോടെ രക്ഷപ്പെടുത്തിയത്.
വില കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് പണിത കെട്ടിടമാണ് കഴിഞ്ഞ വെള്ളിയാഴ്ച തകര്‍ന്നു വീണത്. പൊളിഞ്ഞുവീഴാറായ കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും മറ്റുമാണ് പൊളിക്കാതെ സൂക്ഷിച്ചത്. സംഭവത്തില്‍ കെട്ടിടമുടമയെയും നിര്‍മാണ കമ്പനി ജീവനക്കാരെയും സര്‍ക്കാര്‍ ഉേദ്യാഗസ്ഥരെയും അറസ്റ്റ് ചെയ്തു.
കെട്ടിടം തകര്‍ന്നതിനു പിന്നാലെ ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഡ്രോണുകളും നായകളെ ഉപയോഗിച്ചും ഉച്ചത്തില്‍ വിളിച്ചു ചോദിച്ചും കമ്പികള്‍ കൊണ്ട് ഉറക്കെ മുട്ടിനോക്കിയുമൊക്കെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അങ്ങനെയാണ് ഒമ്പത് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷപ്പെടുത്തിയത്. ഇതില്‍ ഏറ്റവും അവസാനത്തെയാളാണ് ഇന്നലെ പുലര്‍ച്ചെ രക്ഷപ്പെടുത്തിയ യുവതി.
ഇനിയാരും ബാക്കിയുണ്ടാവില്ല എന്ന വിചാരത്തില്‍ അവസാന വട്ടതിരച്ചില്‍ നടത്തുന്നതിനിടയിലാണ് കെട്ടിടടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും യുവതിയെ കണ്ടെടുത്തത്. 132 മണിക്കൂറിലേറെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ശേഷമാണ് ഇവരെ കണ്ടത്. യുവതി തന്നെ നിര്‍ദേശിച്ചതുപ്രകാരമാണ്, അതിസാഹസികമായി ചുവരിന്റെ അവശിഷ്ടങ്ങള്‍ വെട്ടിപ്പൊളിച്ച് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിനു ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
88 മണിക്കൂറിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മറ്റൊരു യുവതിയെയും രണ്ട് ദിവസം രക്ഷപ്പെടുത്തിയിരുന്നു. കിടന്നുറങ്ങുന്ന സമയത്താണ് ഫ്‌ലാറ്റുകളും കെട്ടിടങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ച കെട്ടിടം തകര്‍ന്നുവീണതെന്ന് ആശുപത്രിയില്‍ ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആകെയുള്ള ഒരു കുപ്പി വെള്ളം വല്ലപ്പോഴും നുണഞ്ഞും സമീപത്തുണ്ടായിരുന്ന പുതപ്പില്‍ സ്വയം പൊതിഞ്ഞുമാണ് 21-കാരിയായ ഈ യുവതി പിടിച്ചുനിന്നത്. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പോയതിനാല്‍, ആരെയും ബന്ധപ്പെടുക എളുപ്പമായിരുന്നില്ല. എങ്കിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് ഇടയ്ക്കിടെ വെളിച്ചം കാട്ടിയും ചുമരിന് ഇടിച്ചുമൊക്കെ താന്‍ ജീവിക്കുന്നുവെന്ന വിവരം പുറത്തറിയിക്കാന്‍ ഇവര്‍ ശ്രമിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണു ഇവരുടെ തലയ്ക്കു മുകളില്‍ ഒരു മറപോലെ നിന്നതിനാലാണ് അത്ഭുതകരമായ രീതിയില്‍ ഈ യുവതി പിടിച്ചുനിന്നത്.