പോലീസുകാരൻ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

0
81

തിരുവനന്തപുരം: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ സജിയാണ് മരിച്ചത്. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നും സിവിൽ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെ പോലീസുകാരൻ മുറിയെടുത്തിരുന്നതായാണ് വിവരം.

രണ്ട് ദിവസമായി സജി വീട്ടിലേക്ക് പോയിരുന്നില്ല. സജിയെ കാണാതായതിന് പിന്നാലെ പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും അമിതജോലി ഭാരവുമാണ് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് സജി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പോലീസുകാരന്റെ മരണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ സിഐ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് സജിയുടെ കുടുംബം ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 8 മാസമായി സജിയെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.