കല്പറ്റ: ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ സമ്മാനിച്ചു. കല്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചെയര്‍മാന്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, സംഗീത നിരൂപകനും മാതൃഭൂമി മ്യൂസിക്ക് റിസര്‍ച്ച് മേധാവിയുമായ രവി മേനോന്‍, സംവിധായകൻ രഞ്ജിത്ത്, എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, നടന്‍ ജയരാജ് വാര്യര്‍ എന്നിവർ പങ്കെടുത്തു.
ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ളതാണ് 75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം.
ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി സകലതും സമർപ്പിച്ച ആധുനികവയനാടിന്റെ ശില്പിയാണ് പത്മ പ്രഭ, സോഷ്യലിസ്റ്റുകളിൽ കുലീനരും കുലീനരിലെ സോഷ്യലിസ്റ്റുമായിരുന്നു പത്മപ്രഭയെന്നും ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരകപ്രഭാഷണത്തിൽ അനുസ്മരിച്ചു. ഇ.കെ നായനാർ, എ.കെ.ജി. തുടങ്ങിയവരുടെ ഉറ്റമിത്രവും കോൺഗ്രസ്, ഗാന്ധിയൻ, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പാലമായി പ്രവർത്തിച്ച മികച്ച ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസവും വിവേകവും തൻ്റെ രാഷ്ട്രത്തിനുതകുന്ന വിധത്തിൽ വിനിയോഗിക്കാൻ മനസ്സകാണിച്ച പത്മപ്രഭാ ഗൗഡർ സ്വന്തമായി സ്ഥാപിച്ചത് വിശാലമായ ഗ്രന്ഥശേഖരമായിരുന്നു. ആ ഗ്രന്ഥശേഖരത്തെ മകൻ എം.പി. വീരേന്ദ്രകുമാർ വിപുലമാക്കി. ഇപ്പോൾ പൗത്രൻ അത് അതിവിപുലമാക്കിയിരിക്കുന്നു. ഇന്ന് ശ്രീകുമാരൻ തമ്പി പത്മപ്രഭാ സ്മാരക പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ കേരള സാംസ്കാരികതയുടെ മാറ്റ് കൂടുന്നു. കേരളം ഇനിയൊരു സുനാമിയിൽ തകർന്നു വീണാലും മറ്റൊരു കേരളത്തെ ,മലയാളത്തെ നിർമിക്കാൻ ശ്രീകുമാരൻ തമ്പിയെഴുതിയ ഗാനങ്ങളിലെ ,കവിതകളിലെ കേരളം മാത്രം മതി. അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ ജീവിതം ഒരു പെൻഡുലം സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. അഹംബോധമോ അഹംഭാവമോ ഇല്ലാതെ വർത്തിച്ചയാളാണ് ശ്രീകുമാരൻ തമ്പിയെന്നും തൻ്റെ നേട്ടങ്ങളെ തിരിച്ചറിയുന്നതു പോലെ പിഴവുകളെയും വീഴ്ചകളെയും തിരിച്ചറിയാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ജീവിതം ഒരു പെൻഡുലം വായിച്ചു കൊണ്ടിരിക്കേ മനസ്സിലായതായി രഞ്ജിത്ത് പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പ് മുൻകയ്യെടുത്തത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ ആത്മകഥ വായനക്കാർക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Home Entertainment ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു