കഞ്ചാവടങ്ങിയ ഗമ്മീസ് സ്കൂളിൽ കൊണ്ടുപോയി വിതരണം ചെയ്‍ത് കുട്ടി, അമ്മയ്‍ക്കെതിരെ കേസ്

0
38

ആറ് വയസുള്ള കുട്ടി വീട്ടിലുണ്ടാക്കിയ കഞ്ചാവ് അടങ്ങിയ ​ഗമ്മീസ് സ്കൂളിൽ കൊണ്ടുപോയി. തുടർന്ന് അമ്മയ്ക്കെതിരെ ബാലപീഡനത്തിന് കുറ്റം ചുമത്തി. യുഎസ്സിലെ മിഷിഗണിൽ നിന്നുള്ള മെലിൻഡ എ. ഗാറ്റിഷ്യ ബുധനാഴ്ച ജെനീസി കൗണ്ടി അധികാരികൾക്ക് മുന്നിൽ ഹാജരായി. കുട്ടി ക്ലാസിലെ കുട്ടികൾക്ക് ​ഗമ്മീസ് വിതരണം ചെയ്‍തു. തുടർന്ന് അതിൽ പലർക്കും വയ്യാതാവുകയായിരുന്നു. ശ്വാസതടസം, ഓക്കാനം, മന്ദിപ്പ് തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയന്ന ടൗൺഷിപ്പിലെ എഡ്ജർടൺ എലിമെന്ററി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ആദ്യം കരുതിയിരുന്നത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് വയ്യാതായത് എന്നാണ്.

എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിലാണ് അതല്ല കാരണം എന്ന് വ്യക്തമാകുന്നത്. കുട്ടികളുടെ ഉള്ളിൽ മയക്കുമരുന്ന് ചെന്നിരിക്കുന്നു എന്നും കണ്ടെത്തി. വീട്ടിലുണ്ടാക്കിയ ഈ ​ഗമ്മീസ് ഒരു ലൈഫ് സേവേഴ്സ് ​ഗമ്മീസ് ബാ​ഗിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ഇത് കണ്ട കുട്ടി ബാ​ഗോടെ എടുത്ത് സ്കൂളിൽ കൊണ്ടുപോവുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർ ഡേവിഡ് ലെയ്‌ടൺ പറഞ്ഞു. ‘അമ്മയ്ക്ക് അറിയാതെ പറ്റിയതാണ് എന്ന് മനസിലാക്കുന്നു. അവർ ഒരു ക്രിമിനലൊന്നുമല്ല. എന്നാൽ, അവർക്ക് അറിയാതെ സംഭവിച്ച ആ അബദ്ധം പ്രശ്നങ്ങൾക്ക് കാരണമായി’ എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

കുട്ടിക്ക് എടുക്കാവുന്ന തരത്തിൽ കഞ്ചാവ് സൂക്ഷിച്ചതിനാണ് അമ്മയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സെക്കന്റ് ഡി​ഗ്രി ചൈൽഡ് അബ്യൂസാണ് അമ്മയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. മിഷി​ഗണിൽ കഞ്ചാവ് നിയമവിധേയമാണ്. എന്നാൽ, ഇതുപോലെ ഒരു പാക്കറ്റിൽ അവ സൂക്ഷിച്ചത് അം​ഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ‘ഇത് സൂക്ഷിക്കുമ്പോൾ സുരക്ഷിതമായി സൂക്ഷിക്കണം. നിങ്ങളുടെ വീട്ടിൽ ഒരു തോക്കുള്ളത് പോലെ തന്നെയാണ് ഇവയും’ എന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് കുട്ടികൾ ശനിയാഴ്ചയും ഒരാൾ ഞായറാഴ്ചയും ആശുപത്രി വിട്ടു. കുറ്റം തെളിഞ്ഞാൽ യുവതിക്ക് 10 വർഷം വരെ തടവ് ലഭിക്കാം.