കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ(കൈറ്റ് ) ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകള്‍ വഴി അമ്മമാര്‍ക്കായി നടപ്പാക്കുന്നസൈബര്‍ സുരക്ഷാ പരിശീലനത്തിന് നാളെ മുതൽ(മെയ് 7) തുടക്കമാകും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയിലെ ആദ്യ ക്ലാസ് പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് എച്ച്.എസില്‍ നടക്കും. മെയ് 20 വരെയാണ് പരിശീലനം. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സെഷനുകളായാണ് പരിശീലനം. ഇതില്‍ സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിവ പരിചയപ്പെടാനും ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍, സൈബര്‍ ആക്രമണങ്ങള്‍, ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിങ് എന്നിവ മനസിലാക്കാനും സാധിക്കുന്നു.
ജില്ലയില്‍ 25000 രക്ഷിതാക്കള്‍ക്കാണ് ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകള്‍ വഴി പരിശീലനം നല്‍കുക. ആദ്യഘട്ടമായി ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ്അവസരം കൈറ്റ്‌സ്അംഗങ്ങളായ നാല് കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും പരിശീലനത്തിന് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് കൈറ്റ് സി. ഇ. ഒ അന്‍വര്‍ സാദത്ത് അറിയിച്ചു.