Saturday
10 January 2026
28.8 C
Kerala
HomeKeralaകെഎസ്ഇബി സമരം ഒത്തുതീര്‍പ്പായി

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പായി

കെഎസ്ഇബി മാനേജ്‌മെന്റും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായി. കെഎസ്ഇബിയില്‍ സംഘടനാ പ്രവര്‍ത്തനം തടയില്ലെന്ന് ഊര്‍ജവകുപ്പ് സെക്രട്ടറി ഉറപ്പുനല്‍കിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. സ്ഥലമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നല്‍കുമെന്ന് സംഘടനകള്‍ക്ക് ഉറപ്പ് ലഭിച്ചെന്നാണ് വിവരം.
സംഘടനയുടെ പ്രഖ്യാപിത സമരങ്ങള്‍ പിന്‍വലിക്കാന്‍ ഓഫിസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഊര്‍ജവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്‌സ് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. നിയമപരമായ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ഡയസ്‌നോണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
തൊഴിലാളി യൂണിയനുകളും ചെയര്‍മാനുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയിലെത്തിയിരുന്നു. സമരത്തിന്മേല്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന നിര്‍ദേശം യൂണിയനുകള്‍ ഉയര്‍ത്തിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെന്‍ഷന്‍, സ്ഥലം മാറ്റ നടപടികളില്‍ പുനഃപരിശോധന വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനായിരുന്നു മന്ത്രി നല്‍കിയ നിര്‍ദേശം.

RELATED ARTICLES

Most Popular

Recent Comments