വരുന്നു ശൈലി ആപ്പ് ; ജീവിതശൈലീ രോഗങ്ങൾ തടയാൻ ആന്‍ഡ്രോയ്‌ഡ് ആപ്പുമായി ആരോ​ഗ്യവകുപ്പ്

0
225

കേരള ആരോഗ്യ വകുപ്പ് ശൈലി ആപ്പ് എന്നപേരിൽ ആന്‍ഡ്രോയ്‌ഡ് ആപ്പ് പുറത്തിറക്കുന്നു. ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ആപ്പ് ഉപയോ​ഗിക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ക്യാൻസർ, ഉയർന്ന രക്തസമ്മർദം, മറ്റ് ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. നവകേരള കർമ പദ്ധതിക്ക് കീഴില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് പ്രൊജക്‌റ്റിന്‍റെ ഭാഗമായാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

പ്രൊജക്‌റ്റിന്‍റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അതത് പ്രദേശങ്ങളിലെ 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ആശാ പ്രവർത്തകർ ശേഖരിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കും. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യനില സ്‌കോർ ചെയ്യും. നാലിന് മുകളിൽ സ്‌കോർ ഉള്ളവരോട് ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയ്ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കാൻ ആവശ്യപ്പെടും.

പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ജീവിതശൈലീ രോഗങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും അസുഖങ്ങള്‍ നിയന്ത്രിക്കാനും ഉചിതമായ പദ്ധതികൾ ആവിഷ്‌കരിക്കാനും ആരോഗ്യ വകുപ്പിനെ പ്രാപ്‌തമാക്കാന്‍ ആപ്പ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.