മദ്യക്കുപ്പി ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചു; വസ്ത്രം വലിച്ചുകീറി, അടിവയറ്റിൽ ചവിട്ടി: പൈറേറ്റ്‌സ് ഓഫ് കരീബിയൻ താരം ഡെപ്പിനെതിരെ ആംബർ ഹേർഡ്

0
111

വിർജിനിയ: മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരെയുള്ള കേസിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് താരം അംബർ ഹേർഡ്. ഡെപ്പ് മദ്യക്കുപ്പി കൊണ്ട് അക്രമിച്ചുവെന്നും അടിവയറ്റിൽ ചവിട്ടിയെന്നും അംബർ ഹേർഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്‌സിൽ നടക്കുന്ന വിചാരണയ്‌ക്കിടെയാണ് താരം പൊട്ടിക്കരഞ്ഞത്. ‘പൈറേറ്റ്‌സ് ഓഫ് കരീബിയൻ’ അഞ്ചാം ഭാഗ ചിത്രീകരണത്തിനിടെ 2015ലാണ് അതിക്രമമെന്ന് ഹേർഡ് പറയുന്നു. വിവാഹ ശേഷം ഒരിമിച്ചുള്ള വൈകുന്നേരം വലിയ ആക്രമണം നേരിട്ടുവെന്ന് അംബർ ഹേർഡ് വെളിപ്പെടുത്തി.

‘കുടിച്ചിരുന്ന ഡെപ് തന്നെ ഫ്രിഡ്ജിന് അടുത്തേയ്‌ക്ക് തള്ളിയിട്ടു. കഴുത്തിൽ കുത്തിപ്പിടിച്ചു. അവിടെ നിന്ന് രക്ഷപെട്ട് വീടിന് മുകളിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് താഴത്തെ നിലയിലേക്ക് എത്തി. ഡെപ്പ് അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഡെപ്പിനെ വിളിച്ചു’. എന്നാൽ അയാൾ ഭ്രാന്തനെ പോലെയാണ് പെരുമാറിയതെന്ന് ഹെഡ് പറയുന്നു. ‘എനിക്ക് നേരെ ബോട്ടിലുകൾ എറിഞ്ഞു. വസ്ത്രം വലിച്ചു കീറി നഗ്നയാക്കി. ടെന്നിസ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് ബോട്ടിലുകൊണ്ട് ലൈംഗികാതിക്രമം നടത്തി. അടിവയറ്റിൽ ചവിട്ടി, നിന്നെ ഞാൻ കൊല്ലുമെന്ന് തുടർച്ചയായി ഡെപ്പ് പറഞ്ഞു. ഞാനാകെ ഭയന്നു. അദ്ദേഹത്തെ വിവാഹം ചെയ്ത് കുറച്ച് ദിവസങ്ങളായിട്ടേ ഉണ്ടായിരുന്നുള്ളൂ. പലദിവസങ്ങളിലും ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്’ ഹേർഡ് പറഞ്ഞു.

2015ലാണ് ഡെപ്പും ഹേർഡും വിവാഹിതരായത്. അതേസമയം ഹേർഡിന്റെ ആരോപണങ്ങൾ ഡെപ് നിഷേധിച്ചു. ഹേർഡിനെതിരെ 50 ദശലക്ഷം യുഎസ് ഡോളറിന്റെ അപകീർത്തി കേസാണ് ഡെപ് ഫയൽ ചെയ്തിട്ടുള്ളത്. തനിക്ക് നേരെ മദ്യകുപ്പി വലിച്ചെറിഞ്ഞത് ഹേർഡാണ്. തന്റെ വിരലിന് അങ്ങനെ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ഡെപ്പ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും ഡെപ്പ് കോടതിയിൽ ഹാജരാക്കി.