സജീവ രോഗികൾ 20,000ലേക്ക്; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കുന്നു

0
64

ഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ പ്രതിദിന രോഗികൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,545 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ കൊറോണ രോഗികളുടെ എണ്ണം 4.3 കോടിയായി ഉയർന്നു. 27 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ കൊറോണ മരണം ഇതോടെ 5,24,002 ആയി വർധിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 8.2 ശതമാനം രോഗികളാണ് ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഡൽഹി – 1365, ഹരിയാന – 534, ഉത്തർപ്രദേശ് – 356, കേരളം – 342, മഹാരാഷ്‌ട്ര – 233 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ കണക്ക്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതിദിന രോഗികളിൽ 79.82 ശതമാനവും മേൽപ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഡൽഹിയിൽ മാത്രം 38.5 ശതമാനം രോഗികൾ റിപ്പോർട്ട് ചെയ്തു.

കൊറോണ രോഗികളിലെ നേരിയ വർധനവ് മൂലം രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുകയാണ്. നിലവിൽ 19,688 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ 31 സജീവ രോഗികൾ ഇന്ന് കുറഞ്ഞിട്ടുണ്ട്. 3,549 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരുന്നു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.