ന്യൂയോർക്ക്: പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ഉപയോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. വാണിജ്യ, സർക്കാർ മേഖലകളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ചാർജ് ഈടാക്കാൽ ബാധിക്കുകയെന്നും സാധാരണ ഉപയോക്താക്കൾക്ക് സൗജന്യമായി തന്നെ തുടരാമെന്നും ഇലോൺ മസ്‌ക് അറിയിച്ചു.
”സാധാരണ ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും ട്വിറ്റർ സൗജന്യമായിരിക്കും. എന്നാൽ വാണിജ്യ-സർക്കാർ ഉപയോക്താക്കൾക്ക് ചെറിയ ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം.” ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ മസ്‌ക് വ്യക്തമാക്കി. കഴിഞ്ഞ മാസം ഏകദേശം 44 ബില്യൺ ഡോളറിനായിരുന്നു ടെസ്ല മേധാവിയായ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികളും വാങ്ങിയത്.
ട്വിറ്റർ ഏറ്റെടുത്തത് മുതൽ താൻ പല മാറ്റങ്ങളും കൊണ്ടുവരുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുമെന്നും കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു മസ്‌ക് പറഞ്ഞത്. കൂടാതെ ട്വിറ്ററിന്റെ ലീഗൽ ഹെഡായ വിജയ ഗഡ്ഡെയെ പുറത്താക്കാനും ചീഫ് എക്‌സിക്യൂട്ടീവ് പരാഗ് അഗ്രവാളിനെ മാറ്റാനും മസ്‌ക് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.