ആശങ്ക പരത്തി ഷിഗെല്ല വ്യാപനം; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി

0
61

കാസർകോട്: ഷിഗെല്ല വ്യാപന ആശങ്കയിൽ കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്.

നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ് അഭ്യർത്ഥിച്ചു.

ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റ് മാനേജർ പടന്ന സ്വദേശി അഹമ്മദ്, മാനേജിംഗ് പാർട്ണർ മംഗളൂർ കൊല്യ സ്വദേശി അനക്സ് ഗാർ, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെതിരെയും കേസെടുക്കാൻ തീരുമാനിച്ചതോടെ യുഎഇയിലുള്ള ഇദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.