കാസര്‍ഗോഡ്: ഷിഗെല്ല രോഗവ്യാപന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപകമായ പരിശോധന നടന്നു. നഗരത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. അതേസമയം ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളില്‍ രണ്ടുപേരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാള്‍ മാത്രമാണ് ഐസിയുവിലുള്ളത്. ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഹോട്ടലുകളിലെയും കടകളിലെയും പരിശോധനയ്ക്ക് പുറമേ ചെറുവത്തൂരിലെ വീടുകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളവും ആരോഗ്യവകുപ്പ് പരിശോധിക്കും. കാസര്‍ഗോട്ട് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഇന്നലെയാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.