കാസർഗോട്ടെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

0
104

കാസർഗോഡ്: കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് ഷവര്‍മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പലപ്പോഴും പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണ് ഷവര്‍മ നിര്‍മിക്കാനുപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. കാസര്‍ഗോട്ടെ ഭക്ഷ്യ വിഷബാധയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.