ആദ്യം മകനെ മര്യാദയ്ക്ക് വളർത്തെന്ന് വിമർശനം: വിജയ് ബാബുവിനെതിരെ ശബ്ദമുയർത്തിയ മാല പാർവതിക്ക് നേരെ സൈബർ ആക്രമണം

0
45

കൊച്ചി: വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പീഡന പരാതിയിൽ നടനെതിരെ താരസംഘടനയായ അമ്മ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി അടക്കമുള്ളവർ രാജിവെച്ചിരുന്നു. രാജിവെയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നതിനിടെ ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടൻ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്നും മാല പാർവതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, വിജയ് ബാബുവിനെതിരെയും സിദ്ദിഖിനെതിരെയും ശബ്ദമുയർത്തിയ നടിക്കെതിരെ കനത്ത സൈബർ ആക്രമണം.

സ്വന്തം മകനെ ഉപദേശിച്ച് നന്നാക്കിയിട്ട് ബാക്കിയുള്ള നടന്മാരെ നന്നാക്കിയാൽ പോരെ എന്നാണ് സൈബർ ആങ്ങളമാർ ചോദിക്കുന്നത്. 2020 ൽ ആയിരുന്നു മാലാ പാർവതിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുവെന്ന ഗുരുതരമായ ആരോപണം, ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ഉന്നയിച്ചത്. മാലാ പാർവതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്സ് ചാറ്റും അശ്ലീല പ്രദർശനം നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും സീമ പങ്കുവെച്ചിരുന്നു. ‘നിങ്ങൾ വളർന്നു മാലാ പാർവതി. പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു സീമയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ മാല പാർവതിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാല പാർവതി സീമയ്‌ക്കൊപ്പമായിരുന്നു നിലകൊണ്ടത്. താരം സീമയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. വിഷയത്തിൽ സീമ നിയമപരമായി മുന്നോട്ട് പോകണമെന്നും, മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം നേരിടണമെന്നും ആയിരുന്നു മാല പാർവതി പറഞ്ഞത്. എല്ലാ തരത്തിലും പരാതിക്കാരിക്കൊപ്പമാണെന്നും മാലാ പാർവതി പറഞ്ഞിരുന്നു. മകനെതിരെ ഒരു ആരോപണമുണ്ടായപ്പോൾ താൻ മകനോടൊപ്പമല്ലെന്നും പരാതിക്കാരിക്കൊപ്പമാണെന്നും ആവർത്തിച്ച് പറഞ്ഞ ആളാണ് മാല പാർവതി. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങൾക്കെതിരെ മാല പാർവതി പ്രതികരിച്ചതോടെ, അവരുടെ മകന്റെ കേസ് വീണ്ടും കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ.