വിജയ് ബാബുവിനെ എതിരെയുള്ള കേസില്‍ താരംസഘടനയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ചു ശ്വേതാ മേനോൻ ‘അമ്മ’ ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

0
92

അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചു. വിജയ് ബാബുവിനോടുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി,  ‘അമ്മ’ എക്സിക്യൂട്ടീവ് കൗണ്സില് നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. നടി മാല പാർവതിയും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. (Vijay Babu case).
‘അമ്മ’ ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാ‍ർവ്വതി കഴിഞ്ഞ ദിവസം തന്നെ രംഗത്ത് എത്തിയിരുന്നു. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാ‍ർവ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്വം ഉണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരനാകില്ലെന്നും മാലാ പാ‍ർവ്വതി വ്യക്തമാക്കി.
ഐസിസിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മാലാ പാര്‍വതി കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. ‘അമ്മ’ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതിൽ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസിൽ നൽകിയിരുന്നത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസിൽ ഇല്ല. എക്സിക്യൂട്ടീവ് കൗണ്‍സിലിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി ‘അമ്മ’ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ താൻ ഐസിസിയില്‍ നിന്ന് രാജി വയ്ക്കില്ലയിരുന്നുവെന്നും അവർ പറഞ്ഞു.
ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നിൽക്കുന്നത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാൽ പ്രസ് റിലീസിൽ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നൽകില്ല. ഇത് ലോക്കേഷനിൽ നടന്ന കാര്യമല്ല, സംഘടനയിൽ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെൽ വയ്‌ക്കേണ്ട കാര്യം ‘അമ്മ’യ്ക്ക് ഇല്ല. പക്ഷേ ഐസിസിയിൽ വച്ചാൽ നി‍ദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്‍നം എന്നും മാലാ പാ‍ർവ്വതി പറഞ്ഞു. രാജി വയ്ക്കരുതെന്ന് സുധീ‌ർ കരമന ആവശ്യപ്പെട്ടുവെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു.