പുടിൻ അസ്വസ്ഥൻ ഉടൻ തന്നെ ശസ്ത്രക്രിയക്കു വിധേയനാകുമെന്നു അഭിവ്യൂഹങ്ങൾ

0
87

മോസ്‌കോ: യുക്രെയിന്‍ യുദ്ധത്തിനിടെയും വരുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകളാണ്.

ഏറെ നാളായി അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നു. ഏറ്റവും ഒടുവില്‍ യുഎസിലെ ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. അതുമാത്രമല്ല, അധികാരം താല്‍ക്കാലികമായി രാജ്യത്തിന്റെ സുരക്ഷാ സമിതി സെക്രട്ടറി നിക്കൊളായി പട്രുഷേവിന് കൈമാറുമെന്നാണ് വിവരം.

നാളുകളായി പുടിനോട് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശിക്കുന്നതാണ് കാന്‍സര്‍ ശസ്ത്രക്രിയ. റഷ്യയുടെ മുന്‍ വിദേശ ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറല്‍ നടത്തുന്ന ടെലിഗ്രാം ചാനലിന ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തിയാല്‍, പ്രസിഡന്റിന് വിശ്രമം വേണ്ടി വരുമെന്നതുകൊണ്ടാണ് പകരക്കാരനെ നിയോഗിക്കുന്നത്.

രാഷ്ട്രത്തലവന്മാരും മറ്റും വരുമ്ബോള്‍ അവരുമായി ഇരിപ്പിടങ്ങളില്‍ അകലം പാലിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. മാത്രമല്ല, കാഴ്ചയിലും പുടിന്‍ രോഗാതുരനായി കാണപ്പെടുന്നു. പൊതുവിടങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു, ഇതൊക്കെ നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു. അര്‍ബുദം മാത്രമല്ല, പാര്‍കിന്‍സണ്‍ രോഗം അടക്കം മറ്റ് ചില ഗുരുതര രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു

എന്നാല്‍, ഇതെല്ലാം സ്ഥീരീകരിക്കാത്ത വാര്‍ത്തകള്‍ മാത്രമാണ്. ഇതിന് മതിയായ തെളിവുകള്‍ കിട്ടിയിട്ടില്ല എന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്. അതേസമയം, നിക്കൊളായി പട്രുഷേവുമായി ഏതാനും ദിവസം മുമ്ബ് പുടിന്‍ രണ്ടുമണിക്കൂറോളം തുറന്നുസംസാരിച്ചുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്.

സര്‍ക്കാരില്‍, തന്റെ ഏക വിശ്വസ്തനും, സുഹൃത്തുമായി പുടിന്‍ കണക്കാക്കുന്നത് പട്രുഷേവിനെ മാത്രമാണ്. തന്റെ ആരോഗ്യനില തീരെ മോശമായാല്‍, രാജ്യത്തിന്റെ നിയന്ത്രണം തന്നെ പട്രുഷേവിന് കൈമാറുമെന്നും പുടിന്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

‘ പട്രുഷേവ് അടിമുടി വില്ലനാണ്. പുടിനേക്കാള്‍ ഒട്ടും ഭേദപ്പെട്ടയാളല്ല. മറിച്ച്‌ പുടിനേക്കാള്‍ തന്ത്രശാലിയും അപകടകാരിയാണ്. അയാള്‍ അധികാരത്തില്‍ വന്നാല്‍, റഷ്യാക്കാരുടെ പ്രശ്‌നങ്ങള്‍ ഇരട്ടിക്കുകയേ ഉള്ളു, ടെലിഗ്രാം ചാനലിന്റെ ഉടമസ്ഥന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ദീര്‍ഘനാളത്തേക്ക് അധികാരം കൈമാറാന്‍ പുടിന്‍ തയ്യാറുകുമോ എന്ന കാര്യം സംശയമാണ്. മൂന്നോ, നാലോ ദിവസത്തില്‍ കൂടുതല്‍ പുടിന്‍ മാറി നില്‍ക്കാന്‍ സാധ്യതയില്ല.

റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായ പട്രുഷേവ് നേരിട്ട് പുടിന് മുമ്ബാകെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തരമായ സൈനിക, സുരക്ഷാ വിഷയങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ് കൗണ്‍സിന്റെ ചുമതല. അധികാരം മുഴുവന്‍ പട്രുഷേവില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

പുടിനെ പോലെ തന്നെ പട്രുഷേവും ഇന്റലിജന്‍സ് ഏജന്റായിരുന്നു. ആദ്യം സോവിയറ്റ് കെജിബിയിലും പിന്നീട് റഷ്യയുടെ എഫ്‌എസ്ബിയിലും. കഴിഞ്ഞ ആഴ്ച റഷ്യന്‍ പത്രമായ റോസിയിസ്‌കായ ഗസറ്റയ്ക്ക് നല്‍കിയ അപൂര്‍വ അഭിമുഖത്തില്‍, യുക്രെയിനിലെ നിയോ നാസി പ്രത്യയശാസ്ത്രത്തെ അമേരിക്കയും, യൂറോപ്പും പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചിരുന്നു. കീവിലെ തങ്ങളുടെ കൂട്ടാളികളെ ഉപയോഗിച്ച്‌ റഷ്യയെ അടിച്ചമര്‍ത്താനും, ഭിന്നിപ്പിക്കാനും അമേരിക്കക്കാര്‍ പരിശ്രമിക്കുകയാണെന്നും പട്രുഷേവ് പറഞ്ഞിരുന്നു.