കൂടുതൽ പേർ സംസാരിക്കുന്നുണ്ടാവാം, എന്നാൽ ഹിന്ദി ദേശീയ ഭാഷയല്ല -സോനു നി​ഗം

0
90

ചലച്ചിത്രമേഖലയിൽ ഉയർന്ന ഹിന്ദി ദേശീയഭാഷാ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. കന്നഡ താരം കിച്ചാ സുദീപയും ബോളിവുഡ് താരം അജയ് ദേവ്​ഗണും തുടങ്ങിയ സംവാദത്തിൽ ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് ​ഗായകൻ സോനു നി​ഗമാണ്. കൂടുതൽ പേർ സംസാരിക്കുന്നുണ്ടാവാമെങ്കിലും ഹിന്ദി ദേശീയ ഭാഷയല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല. തമിഴാണ് ഏറ്റവും പഴക്കമുള്ള ഭാഷ. പക്ഷേ ഇക്കാര്യത്തിൽ തമിഴും സംസ്കൃതവും തമ്മിൽ തർക്കമുണ്ട്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പുതിയ പ്രശ്‌നം രാജ്യത്തിനകത്ത് രൂപപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും സോനു നി​ഗം ചൂണ്ടിക്കാട്ടി.
കർണാടക തക് എന്ന വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് ഹിന്ദിയിൽ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗൺ മറുപടി നൽകിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരിൽക്കാണുമ്പോൾ വിശദമാക്കാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയർത്തിവിടാനോ അല്ലായിരുന്നു താൻ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.
ഹിന്ദിയെ രാഷ്ട്രഭാഷ എന്നു വിളിക്കാൻ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സംഭവത്തിൽ പ്രതികരിച്ച് സോനു സൂദ് പറഞ്ഞത്. ഹിന്ദി തമിഴ്, കന്നഡ ഭാഷകളേക്കാൾ മുമ്പേ നിലവിലുള്ളതാണ് സംസ്‌കൃത ഭാഷ. അതിനാൽ സംസ്‌കൃതമാണ് ദേശീയ ഭാഷയാകേണ്ടതെന്ന് നടി കങ്കണയും പ്രതികരിച്ചിരുന്നു.