പിതാവിനെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

0
91

പിതാവിനെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ മൻരാജ്പൂർ ഗ്രാമത്തിലാണ് സംഭവം. 21 കാരിയായ നിഷ യാദവ് എന്ന യുവതിയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സയ്യിദ് രാജ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തു.
ഞായറാഴ്ചയാണ് നിഷയുടെ പിതാവ് കനയ്യ യാദവിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയത്. ഇതിനിടെ പൊലീസ് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് കേസെടുത്തത്.
പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി രംഗത്തെത്തി. യൂണിഫോം ധരിച്ച ഗുണ്ടകളാണ് യു.പി ഭരിക്കുന്നതെന്ന് എസ്.പി വക്താവ് അനുരാഗ് ഭഡോരിയ പറഞ്ഞു. ചന്ദോളിയിൽ പൊലീസ് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ മർദിച്ചതും ഒരാളുടെ മരണത്തിനിടയാക്കിയതും അപലപനീയമാണ്. യോഗിയുടെ പൊലീസിൽനിന്ന് പെൺകുട്ടികളെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് യു.പിയിൽ ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.