വിവാഹം എന്നത് ഓരോരുത്തരുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും മറന്നുപോകാത്തതുമായ ദിനമാണ് ( Wedding Day ). ആ ദിവസം അല്‍പം കൂടി മനോഹരമാക്കാന്‍ മിക്കവരും അവരാല്‍ കഴിയുന്ന വിധം ശ്രമിക്കാറുണ്ട്. ചടങ്ങുകള്‍ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ വച്ച് നടത്തുക, വ്യത്യസ്തമായ രീതിയില്‍ ചെയ്യുക അങ്ങനെയെല്ലാം വിവാഹത്തെ (Wedding Ceremony ) ഓര്‍മ്മകളില്‍ ഭംഗിയായി രേഖപ്പെടുത്തിവയ്ക്കുന്നവരുണ്ട്.
എന്തായാലും അത്തരമൊരു വിവാഹത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന പാം പാറ്റേഴ്‌സണും ജെറമി സല്‍ഡയും ഒടുവില്‍ ഈ മാസം വിവാഹിതരാകാന്‍ തീരുമാനിച്ചു. ഒക്ലഹോമ സ്വദേശികളായ ഇരുവരും ലോസ് വെഗാസില്‍ വച്ചാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
അങ്ങനെ വിവാഹദിവസം ഒരുങ്ങി ഇരുവരും എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍ ഫ്‌ളൈറ്റ് കിട്ടുന്നതിന് സമയതാമസം നേരിട്ടു. ഇരുവരും അക്ഷമയോടെ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെ നിയുക്ത മന്ത്രിയായ ക്രിസ് കില്‍ഗോറയെ പരിചയപ്പെട്ടു.
ഇവരുടെ വിവാഹത്തെ കുറിച്ചറിഞ്ഞ ക്രിസ് ഇവരെ സഹായിക്കാന്‍ തീരുമാനിച്ചു. വൈകാതെ മൂവരും ഒരുമിച്ച് ഒരു ഫ്‌ളൈറ്റില്‍ ലോസ് വെഗാസില്‍ പോകാന്‍ തീരുമാനിച്ചു. ഫ്‌ളൈറ്റില്‍ കയറിയപ്പോള്‍ തന്നെ ഇതിലെ പൈലറ്റ് പാറ്റേഴ്‌സണ്‍- ജെറമി ജോഡിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വിവാഹവസ്ത്രത്തിലെത്തിയ യാത്രക്കാരിയെയും യാത്രക്കാരനെയും സഹയാത്രക്കാരും കൗതുകപൂര്‍വം നോക്കി. ഇങ്ങനെയാണെങ്കില്‍ ഫ്‌ളൈറ്റില്‍ വച്ചുതന്നെ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇരുവരും തമാശരൂപത്തില്‍ പറഞ്ഞത് കേട്ട പൈലറ്റ്, അത് ചെയ്യാമെന്നായി.
അങ്ങനെ അപ്രതീക്ഷിതമായി ഇരുവര്‍ക്കും ഫ്‌ളൈറ്റില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. ക്രിസിന്റെ മേല്‍നോട്ടത്തില്‍ യാത്രക്കാരെല്ലാം ചേര്‍ന്ന് അതൊരു ആഘോഷമാക്കി. യാത്രക്കാര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്ന വനിതാ ഫോട്ടോഗ്രാഫര്‍ ഇവരുടെ വിവാഹം തന്റെ ക്യാമറയില്‍ പകര്‍ത്തി.
ഫ്‌ളൈറ്റില്‍ ലഭ്യമായിരുന്ന നോട്ട്ബുക്കില്‍ യാത്രക്കാരെല്ലാം ഇരുവര്‍ക്കും വിവാഹമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് രണ്ടുവരി വീതം കുറിച്ചു. പാട്ടും ആരവവുമെല്ലാമായി അടിപൊളി വിവാഹം. എല്ലാം ഇങ്ങനെ ശുഭകരമായി വന്നുചേര്‍ന്നുവെന്നത് അവിശ്വസനീയമാണെന്നും ഏറെ സന്തോഷത്തിലാണ് തങ്ങളെന്നും ഇരുവരും പറയുന്നു. ഇവരുടെ വിവാഹവീഡിയോ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.