ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുപയോഗിച്ച ബൈക്ക് പൊളിച്ചതായി സംശയം

0
67

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുപയോഗിച്ച ബൈക്ക് പൊളിച്ചതായി സംശയം. വാഹനം പൊളിച്ചതായി സംശയിക്കുന്ന പഴയ മാര്‍ക്കറ്റിലാണ് പൊലീസിന്റെ പരിശോധന നടക്കുന്നത്. പട്ടാമ്പി ഓങ്ങല്ലൂരിലെ പഴയ മാര്‍ക്കറ്റുകളില്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്

അതിനിടെ ഇന്ന് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളിലൊരാളുടെ വീടിനു നേരെ ആക്രമണമുണ്ടായി. കാവില്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകള്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞത്. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. ഫിറോസ് ഈ കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആളാണ്. പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞെങ്കിലും തീ പിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട്ടില്‍ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവര്‍ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിന്റെ പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ പദ്ധതി.