യുക്രെയ്‌നിലെ മ്യൂസിയം കൊള്ളയടിച്ച് 2500 വർഷം പഴക്കമുള്ള സ്വർണ്ണം റഷ്യൻ സൈനികർ കടത്തി

0
51

കീവ്: യുക്രെയ്‌നിലെ ചരിത്ര പ്രധാനമായ മ്യൂസിയത്തിലുണ്ടായിരുന്ന യുക്രെയ്‌നിയൻ സ്വർണ്ണം റഷ്യൻ സൈന്യം കൊള്ളയടിച്ചുവെന്ന് റിപ്പോർട്ട്. ലാബിൽ ധരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ഒരാൾ മ്യൂസിയത്തിൽ എത്തി കൊള്ളയടിക്കുകയായിരുന്നുവെന്നാണ് വിവരം. തെക്കൻ പട്ടണമായ മെലിറ്റാപോളിലെ മ്യൂസിയത്തിലാണ് കവർച്ച നടന്നത്.

മ്യൂസിയത്തിലെ 2,500 വർഷം പഴക്കമുള്ള ഒരു കിരീടം ഉൾപ്പെടെയുള്ള സിഥിയൻ സ്വർണ്ണാഭരണങ്ങൾ ഒരു ഇരുണ്ട നിലവറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി അധികൃതർ പറയുന്നു. ബിസി ഏഴാം നൂറ്റാണ്ടിനും എഡി രണ്ടാം നൂറ്റാണ്ടിനും ഇടയിൽ യുക്രെയ്‌നിലും മധ്യേഷ്യയിലും മിഡിൽ ഈസ്റ്റിലും ജീവിച്ചിരുന്ന നാടോടികളായ ഗോത്രങ്ങളുടെ ഒരു കുടുംബമായിരുന്നു സിഥിയൻസ്.

തോക്കിൻ മുനയിൽ നിർത്തി ഇവ എവിടെയാണ് ഒളിപ്പിച്ചതെന്ന് അറിഞ്ഞ ശേഷമാണ് മോഷണമെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. റഷ്യയുമായുള്ള പ്രദേശത്തിന്റെ സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുടിൻ ഈ സിഥിയൻ സ്വർണ്ണാഭരണങ്ങൾ ക്രിമിയയിലേക്ക് മാറ്റുമെന്നാണ് വിവരം.