വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ല: പ്രതിഷേധിച്ച് മാലാ പാർവ്വതി രാജിവെച്ചു

0
67

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവ്വതി രാജിവെച്ചു. വിജയ് ബാബുവിനെതിരായ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. മാലാ പാർവ്വതിയ്‌ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തിയിട്ടുണ്ട്. സമിതിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു.

പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു. നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ആഭ്യന്തര പരാതി പരിഹാര സമിതി എന്തിനാണെന്നും അമ്മയില്‍പരാതി പരിഹാര സമിതി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നെന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതി പരിഹാര സമിതി രേഖാമൂലം എഴുതി സമർപ്പിച്ചിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.