കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാം കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും ചിലപ്പോഴെങ്കിലും അവര്‍ സാമൂഹികവ്യവസ്ഥയുടെ ഇരകളാണെന്നും മദ്രാസ് ഹൈക്കോടതി

0
101

ചെന്നൈ: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാം കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും ചിലപ്പോഴെങ്കിലും അവര്‍ സാമൂഹികവ്യവസ്ഥയുടെ ഇരകളാണെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പതിനേഴുവയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പതിനഞ്ചുവയസ്സുള്ള ബാലന് വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഈ നിരീക്ഷണം നടത്തിയത്. പതിനഞ്ചുകാരനുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അമ്മ നല്‍കിയ പരാതിയനുസരിച്ചാണ് പോലീസ് കേസെടുത്തത്.
ആണ്‍കുട്ടിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാരപാഠശാലയില്‍ പാര്‍പ്പിക്കാനായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധി. ഇതിനെതിരേ ആണ്‍കുട്ടി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ശിക്ഷ റദ്ദാക്കിയത്.
പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പുള്ള പ്രത്യേകഘട്ടങ്ങളില്‍ ആണും പെണ്ണും തമ്മിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ അടുപ്പത്തിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.
പരസ്പരം അടുപ്പത്തിലായിരിക്കേയാണ് ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ശാരീരികബന്ധത്തിലേര്‍പ്പെട്ടതും പെണ്‍കുട്ടി ഗര്‍ഭിണിയായതും. തന്നെക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ പതിനഞ്ചുവയസ്സുള്ള ആണ്‍കുട്ടി പ്രലോഭിപ്പിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും പെണ്‍കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.