ഒന്നര വര്‍ഷമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഉടമയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കാങ്കോല്‍ സ്വദേശികള്‍

0
96

പയ്യന്നൂര്‍: ഒന്നര വര്‍ഷമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഉടമയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കാങ്കോല്‍ സ്വദേശികള്‍.

അനാഥാവസ്ഥയിലുള്ള കാറിനെക്കുറിച്ച്‌ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്ബാണ് കെ.എല്‍ 13 ടി. 7815 എന്ന രജിസ്റ്റര്‍ നമ്ബറുള്ള അധികം പഴക്കമില്ലാത്ത ഫിയറ്റ് പാലിയോ കാര്‍ കാങ്കോല്‍ ചീമേനി റോഡില്‍ എത്തിയത്. ഒരു ദിവസം പകല്‍ കാര്‍ റോഡില്‍ ഓഫായതായി നാട്ടുകാര്‍ പറയുന്നു.

കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ കാര്‍ തള്ളി വായനശാലക്കു സമീപം റോഡരികിലേക്ക് മാറ്റിയിട്ടു. ഉടന്‍ എത്തി കൊണ്ടുപോകാമെന്നു പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ സ്ഥലം വിട്ടു. കാര്‍ നിര്‍ത്തിയിട്ടശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പൊലീസ് പരിശോധിച്ചു കാര്‍ മാറ്റാനോ അന്വേഷിച്ച്‌ ഉടമയെ കണ്ടെത്താനോ തയാറായില്ല. ലക്ഷങ്ങള്‍ വില വരുന്ന കാര്‍ റോഡരികില്‍ ഉപേക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

അന്വേഷിച്ച്‌ നിജഃസ്ഥിതി കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, റോഡരികില്‍ നിര്‍ത്തിയിട്ടതു കാരണം മറ്റു വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാവുന്നു. മാസങ്ങള്‍ക്കു മുമ്ബ് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീപ്പ് കാറിന്റെ പിറകില്‍ ഇടിക്കുകയും ചെയ്തു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹത നീങ്ങാത്തതിലുള്ള പ്രതിഷേധത്തിലാണ് സമീപവാസികള്‍.