കർശന ഉപാധികളോടെ പി.സി ജോര്‍ജിന് ജാമ്യം

0
93

മത വിദ്വേഷ പ്രസംഗത്തിൽ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.എന്നാൽ തന്റെ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി ജാമ്യത്തിൽ ഇറങ്ങിയ പി സി ജോർജ് പറഞ്ഞു.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് ACP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു.ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.
സുരക്ഷാ കാരണങ്ങളാൽ എആര്‍ ക്യാംപില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
മതസ്പര്‍ധ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു.എന്നാൽ വാദം കേട്ട മജിസ്‌ട്രേറ്റ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.എന്നാൽ കോടതി നടപടിക്കെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാർ അറിയിച്ചു.